അന്തിചര്‍ച്ചകള്‍ സമൂഹത്തിന് ഗുണം ചെയ്യുന്നില്ലെന്ന് വേണു ബാലകൃഷ്ണന്‍: ‘അത് നിര്‍ത്തുക എന്ന അഭിപ്രായമാണ് തനിക്കുള്ളത്’

single-img
10 October 2017

ചാനല്‍ ചര്‍ച്ചകള്‍ ഒരുതരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണന്‍. അന്തിചര്‍ച്ചകള്‍ ഗുണകരമല്ലെങ്കില്‍ അത് നിര്‍ത്തുക എന്ന അഭിപ്രായക്കാരനാണ് താനെന്നും വേണു ഇ വാര്‍ത്തയോട് പറഞ്ഞു.

തന്റെ തൊഴില്‍ എന്ന രീതിയിലാണ് അന്തിചര്‍ച്ചകള്‍ നടത്തുന്നത് എന്നും വേണു വ്യക്തമാക്കി. ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനിലായിരുന്നു വേണുവിന്റെ പ്രതികരണം.

‘അന്തിചര്‍ച്ചകള്‍ ഗുണകരമല്ലെങ്കില്‍ അത് നിര്‍ത്തുക എന്ന അഭിപ്രായക്കാരനാണ് താന്‍. ചാനല്‍ ചര്‍ച്ചകള്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നില്ല എന്ന അഭിപ്രായമാണ് എനിക്ക് വ്യക്തിപരമായുള്ളത്. എന്തുകൊണ്ട് വേണു ഇത് തുടരുന്നു എന്ന് ചോദിച്ചാല്‍ അത് എന്റെ തൊഴിലാണ്.

ചര്‍ച്ച ചെയ്യുക എന്നതല്ല എന്റെ തൊഴില്‍. എന്റെ തൊഴില്‍ മാധ്യമ പ്രവര്‍ത്തനമാണ്. അതില്‍ ഒരു പ്രത്യേക ഉത്തരവാദിത്തമാണ് ഇത്. ആ ഉത്തരവാദിത്തം മാറിയാലും മാധ്യമ പ്രവര്‍ത്തനത്തിന് ഒരു തടസ്സവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയും. എന്നെ സംബന്ധിച്ച് ഇത് ഒരു അത്യാവശ്യകാര്യമല്ല’- വേണു പറഞ്ഞു.

ഇ വാര്‍ത്ത നടത്തിയ പോളിംഗ് ക്യാംപെയിനില്‍ അന്തി ചര്‍ച്ചകള്‍ സമൂഹത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നും അന്തി ചര്‍ച്ചകള്‍ നിര്‍ത്താറായെന്നും 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസം, അന്തി ചര്‍ച്ചകള്‍ ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണ്‍ പറഞ്ഞിരുന്നു. പരിഹാസ രൂപേണയായിരുന്നു വിനുവിന്റെ പ്രതികരണം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി വളരെ സൗമ്യനായാണ് വേണു പ്രതികരിച്ചത്.

‘ഞാനെന്തു പറയാനാ… വേണ്ടങ്കില്‍ വേണ്ട…. അത്രയല്ലേയുള്ളൂ കാര്യം.. ആരെയും നിര്‍ബന്ധിച്ചു കാണിക്കുന്നില്ലല്ലോ’.. ഇത്രയും പറഞ്ഞ് വിനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.