മകന്റെ അഴിമതി പ്രതിരോധിക്കാനാവാതെ അമിത് ഷാ: സ്വരം കടുപ്പിച്ച് പ്രതിപക്ഷം: ബിജെപി ഓഫീസിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്

single-img
10 October 2017

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരായ ആരോപണങ്ങളിൽ സമ്മർദ്ദം ശക്തമാക്കാൻ പ്രതിപക്ഷത്തിന്റെ നീക്കം. കോൺഗ്രസ് പ്രവർത്തകർ ദില്ലി ബിജെപി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. ഗുജറാത്ത് സന്ദർശിക്കുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യം വീണ്ടും ഉന്നയിച്ചേക്കും.

എന്നാല്‍ ആരോപണങ്ങളിൽ ഇതുവരെ അമിത് ഷാ പ്രതികരിച്ചിട്ടില്ല. ഇന്ന് അമിത്ഷാ ഉത്ത‍ർ പ്രദേശിൽ സന്ദർശനം നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ് അമിത് ഷായുടെ റാലി.

അതേസമയം, തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വർദ്ധിച്ചെന്ന വാർത്ത നൽകിയ സ്ഥാപനത്തിനെതിരെ അമിത് ഷായുടെ മകൻ ജയ് ഷാ മാനനഷ്‌ടക്കേസ് നൽകി. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും വസ്‌തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പരാതിയിൽ ആരോപിച്ചു.

വാർത്ത നൽകിയ ഓൺലൈൻ മാദ്ധ്യമത്തിലെ എഡിറ്ററടക്കം ഏഴ് പേർ 100 കോടി നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലാണ് ജയ് ഷാ പരാതി നൽകിയത്. എന്നാൽ തങ്ങൾ നൽകിയ വാർത്തയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നാണ് ഓൺലൈൻ മാദ്ധ്യമത്തിലെ അധികൃതർ പറയുന്നത്.

ദ വയറിലെ മാധ്യമ പ്രവര്‍ത്തക രോഹിണി സിംഗാണ് ഈ ഇടപാട് പുറത്ത് കൊണ്ട് വന്നത്. രോഹിണിക്കെതിരെ വലിയ ആരോപണങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. നേരത്തെ യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയും റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫുമായ അവിഹിത സാമ്പത്തിക ഇടപാടുകൾ പുറത്ത് കൊണ്ട് വന്നതും രോഹിണി സിംഗ് ആണ്.

അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി ഈ ആരോപണത്തെ മുന്‍നിര്‍ത്തി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ രോഹിണി സിംഗ് ഉയര്‍ത്തിയ ആരോപണത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്നത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചയായി.

അതേസമയം, ജെയ് ഷായുടെ കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടില്‍ വിവാദം കൊഴുക്കുകയാണ്. അഴിമതിയുടെ കാവല്‍ക്കാരനാണോ പങ്കാളിയാണോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്‍റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷാ യുടെ മകനാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മാനനഷ്ടക്കേസ് നല്‍കാന്‍ ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയതും പുതിയ ആരോപണങ്ങള്‍ക്കു വഴിവെച്ചു. ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിയമോപദേശം നല്‍കിയതിനെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി ചോദ്യം ചെയ്തു. നിയമമന്ത്രാലയത്തിന്‍റെ അനുമതി നേടിയിരുന്നതായും ആവശ്യമെങ്കില്‍ ജെയ് ഷായ്ക്കുവേണ്ടി കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത പ്രതികരിച്ചു.

വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നു കോൺഗ്രസും സിപിഎമ്മും സിപിഐയും ആം ആദ്‌മി പാർട്ടിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോടും അന്വേഷണത്തിനു നിർദേശിക്കുമോയെന്നു യച്ചൂരി ചോദിച്ചു. റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ജെയ് ഷായെ ന്യായീകരിച്ചു വാര്‍ത്താസമ്മേളനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് അമിത്‍ഭായ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധിച്ചുവെന്നാണു ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തൽ. അമിത് ഷായുടെ മകന്റെ ഉടമസ്‌ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതൽ കഴിഞ്ഞ വർഷം ഒക്‌ടോബർ വരെ റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ (ആർഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാർത്തയ്‌ക്ക് അടിസ്‌ഥാനം. രേഖകളനുസരിച്ച്, കാർഷികോൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ൽ 6,230 രൂപയുടെയും 2014ൽ 1,724 രൂപയുടെയും നഷ്‌ടമുണ്ടായി.

2015ൽ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയർന്നു. എന്നാൽ, കഴിഞ്ഞ ഒക്‌ടോബറിൽ മുൻ വർഷങ്ങളുടെ നഷ്‌ടം കണക്കിലെടുത്തു കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. വാർത്ത തയാറാക്കുന്നതിന്റെ ഭാഗമായി അമിത് ഷായുടെ മകനോടു വെബ്‌സൈറ്റ് പ്രതികരണം ചോദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകൻ നൽകിയ മറുപടിയിൽ കണക്കുകൾ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാർത്ത നൽകിയാൽ നിയമനടപടിയെടുക്കുമെന്നു മുന്നറിയിപ്പു നൽകി.