വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

single-img
9 October 2017

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ എന്ത് നടപടി വേണമെന്ന് ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ തുറമുഖ വകുപ്പ് സെക്രട്ടറി പിടി ജോയിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ട് കൃത്യസമയത്ത് നല്‍കാമെന്ന് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് നേരത്തെ, സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതിക്ക് നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്നും സിഎജി കണ്ടെത്തിയിരുന്നു.