വേങ്ങര ആര് നേടും: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

single-img
9 October 2017

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഇന്ന് വേങ്ങര കേന്ദ്രീകരിച്ച് കൊട്ടിക്കലാശമുണ്ടാകില്ല. രണ്ട് മണി മുതല്‍ വേങ്ങര സെന്ററില്‍ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട തിരക്കിലാണ് മുന്നണികള്‍. വേങ്ങര വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് മുസ്ലീം ലീഗിന്റെ പ്രചാരണം. മണ്ഡലത്തിലെ അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച്, ശക്തമായ പ്രചാരണത്തിലാണ് ഇടതുമുന്നണി.

ഇടത്, വലത് മുന്നണികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിവരെയാണ് പരസ്യ പ്രചാരണം.

യുഡിഎഫ് പ്രചരണത്തിനായി എത്തിയ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ നാട്ടിലേക്ക് മടങ്ങി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തും. നാളെ നിശ്ശബ്ദ പ്രചാരണമാണ്.

മറ്റന്നാള്‍ വേങ്ങര പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഈ മാസം 15നാണ് ഫലപ്രഖ്യാപനം. പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.