ദിലീപിന്റെ സമയദോഷത്തിനു പിന്നില്‍ കാവ്യാ മാധവനെന്ന് ജ്യോത്സ്യന്‍: ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ പറഞ്ഞതുകേട്ട് താരം ഞെട്ടി

single-img
9 October 2017

കൊച്ചി: ദിലീപിന്റെ സമയദോഷത്തിനു പിന്നില്‍ കാവ്യാ മാധവനാണെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ജീവിതത്തില്‍ ഒരു വിവാഹ മോചനം ആവശ്യമാണെന്നും ജ്യോത്സ്യന്‍ പ്രവചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവരും തമ്മില്‍ പിരിഞ്ഞശേഷം വീണ്ടും ഒന്നിക്കാമെന്നും ജ്യോത്സ്യന്‍ പറഞ്ഞെന്നും അങ്ങനെയാണെങ്കില്‍ അത് ദിലീപിന് കേസില്‍ ഗുണം ചെയ്യുമെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി സിനിമ മംഗളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാവ്യയുമായുള്ള വിവാഹം ദുര്‍നിമിത്തങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ ജ്യോത്സ്യന്‍ ഉപദേശിച്ചിരുന്നു.

അത് ശരിയായിയെന്നും ഇനിയും ജീവിതത്തില്‍ കടുത്ത ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്നുമാണ് സിനിമ മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയില്‍ വാസത്തിന് ശേഷം വീട്ടിലെത്തിയ ദിലീപും സമയദോഷത്തെ തന്നെയാണ് പഴിച്ചത്. ജയിലില്‍ നിന്നെത്തിയതിന് ശേഷം ജ്യോത്സനെ കണ്ടെന്നാണ് സൂചന.

കാവ്യയുമായുള്ള വിവാഹത്തിന്റെ കാര്യത്തിലും ജ്യോത്സ്യന്റെ അഭിപ്രായം ദിലീപ് തേടിയിരുന്നു. ഇരുവരുമായി അടുപ്പമുള്ള ജ്യോത്സ്യന്‍ ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ലെന്നും ചില ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹ ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ജ്യോത്സ്യന്റെ വാക്കുകള്‍ എത്രത്തോളം സത്യമാണെന്ന് വിശ്വസിച്ചേ മതിയാകൂ എന്നാണ് സിനിമാ മംഗളം പറയുന്നത്. ഇതോടെ പുതിയ വിവാദങ്ങളും ചര്‍ച്ചകളും തുടങ്ങുകയാണ്. ദിലീപിന്റെ മൂന്നാം ഭാര്യയാണ് കാവ്യയെന്നാണ് പ്രചരണങ്ങള്‍.

ആദ്യം ബന്ധുവിനേയും പിന്നീട് മഞ്ജു വാര്യരേയും വിവാഹം ചെയ്തു. ഇതെല്ലാം ചര്‍ച്ചകളും വിവാദങ്ങളുമായി നിറയുമ്പോഴാണ് ജ്യോത്സ്യന്റെ പുതിയ പ്രവചനം പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. നടന്‍ ദിലീപിന്റെ ജാതകവശാല്‍ കണ്ടകശനി തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് പ്രവചനം.

ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടകശനി ആരംഭിക്കുമെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്ന് ജ്യോതിഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ഇദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ദേവിയുടെ അനുഗ്രഹമുള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക് ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും പ്രവചനമുണ്ട്. ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്.

അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

മിഥുന രാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യാമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ടെന്നും കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുകയെന്നും ജ്യോത്സ്യന്‍ പറയുന്നു.

താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുമെന്നും കാവ്യ മാധവനും സമാനമായ വാക്ശാപ ദോഷങ്ങളുണ്ടെന്നുമാണ് പ്രവചനം.