ഹാദിയ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും: നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

single-img
9 October 2017

ഹാദിയ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദു ചെയ്യുന്നതിന് ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ എന്നുമുള്ള കാര്യമാണ് പരിഗണനയ്ക്ക് വരുന്നത്.

കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍.ഐ.എ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒന്നും കേസില്‍ കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊക്കെ കോടതി പരിശോധിച്ചേക്കും.

ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍ഐഐ അന്വേഷണം നീതിപൂര്‍വമായിരിക്കില്ല എന്ന ഷെഫിന്‍ ജഹാന്റെ പരാതിയും കോടതി പരിഗണിക്കും. സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കം ആറുപേര്‍ ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിലെ എന്‍.ഐ.എ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ മതപരിവര്‍ത്തനങ്ങളെ കുറിച്ച് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

ലത്തൂര്‍ സ്വദേശി സുമിത്ര ആര്യയും ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്നാണ് ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നത്. അതിനായി കോടതി എന്തെങ്കിലും തീരുമാനം ഇന്ന് എടുക്കുമോ എന്നതും നിര്‍ണായകമാണ്.