കേരളത്തില്‍ ബംഗാളികളെ കൊന്നൊടുക്കുന്നുവെന്ന് വ്യാജപ്രചരണം: ഇതര സംസ്ഥാന തൊഴിലാളികളെ ആട്ടിപ്പായിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്?

single-img
9 October 2017

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പലയിടത്തുനിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കോടെ നൂറുകണക്കിന് ഹോട്ടലുടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും ജോലി ചെയ്യുന്നത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്. കേരളത്തിലുള്ളവര്‍ക്ക് ജോലി കുറഞ്ഞതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്നാണ് വ്യാജ സന്ദേശങ്ങളുടെ ഉള്ളടക്കം.

വ്യാജ സന്ദേശങ്ങള്‍ വലിയ തോതില്‍ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രചരിച്ചതോടെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ശക്തമായത്. ബംഗാള്‍, ഒഡീഷ്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കിടയിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രധാനമായും പ്രചരിക്കുന്നത്.

സന്ദേശങ്ങള്‍ പ്രചരിച്ചതോടെ മടങ്ങിയെത്തുവാന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫോണ്‍ ചെയ്യുന്നതായി തൊഴിലാളികള്‍ പറയുന്നു. ഇതേ തുടര്‍ന്ന് 200ഓളം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഇതര സംസ്ഥാന തൊഴിലാളികളും സമ്മതിക്കുന്നുണ്ട്.

എന്നാല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ഹോട്ടലുകള്‍ക്ക് അടച്ച് പൂട്ടി. വിവരം പുറത്ത് വന്നതോടെ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ സന്ദേശങ്ങള്‍ വന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ കേന്ദ്രീകരിച്ചാണ് വിവര ശേഖരണം. സന്ദേശങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തതായി കരുതുന്ന മൂന്ന് നമ്പരുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.