വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ!: പോലീസിന്റെ പിടിവീഴും

single-img
8 October 2017

തിരുവനന്തപുരം: വാഹനങ്ങളുടെ രൂപം നിയമപരമല്ലാതെ മാറ്റുന്നതിനെതിരേ നടപടിയെടുക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവികള്‍ക്കാണു ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡപകടങ്ങളില്‍ മുഖ്യപങ്കു വഹിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, സൈലന്‍സര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റു വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നെന്നാണ് കണ്ടെത്തല്‍.

ഏറ്റവും അനിവാര്യമായ ആവശ്യങ്ങള്‍ക്കു മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റത്തിന് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് അനുമതി ലഭിക്കൂ. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റാന്‍ അനുമതി ലഭിക്കില്ല. എന്നാല്‍, അനുമതിയില്ലാതെ നിരവധി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങുന്നുണ്ട്.

തിരുവനന്തപുരം സിറ്റിയില്‍ നിന്നു തന്നെ രൂപമാറ്റം വരുത്തിയതും വേണ്ടത്ര രേഖകളില്ലാത്തതുമായ 30 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവയില്‍ രൂപമാറ്റത്തിന് അനുമതിയില്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്കായി ശിപാര്‍ശചെയ്യും.

കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം പിഴ ചുമത്താനാണ് നീക്കം. ഈ പരിശോധന മറ്റു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നതു മറ്റു സഹയാത്രികരുടെയും ജീവനു ഭീഷണിയാണ്.