ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

single-img
8 October 2017

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ എന്‍സിപി നേതാവ് സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കി കേസെടുക്കാനാണ് നിര്‍ദേശം.

സുല്‍ഫിക്കര്‍, ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ മരിക്കുകയും ചെയ്തു. സുല്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍സംഭാഷണം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നിര്‍ദേശമുണ്ട്.

മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികളിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശുപാര്‍ശ നല്‍കുന്നത്. അതേസമയം, വിജയന്റെ രോഗം വഷളാക്കാന്‍ ഇടയാക്കിയ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.