ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

single-img
8 October 2017

ഉത്തരകൊറിയയുമായി ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നു പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി അത്തരം വിഫലശ്രമങ്ങള്‍ക്ക് അമേരിക്ക തയാറാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്‌പോരിന്റെ തുടര്‍ച്ചയായാണ് ട്രംപ് ഉത്തരകൊറിയയ്‌ക്കെതിരെ ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കിയത്. കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിരവധി കരാറുകളുണ്ടാക്കുകയും വലിയ തുക ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും പ്രയോജനം ചെയ്തില്ല.

കരാറുകളില്‍ ഒപ്പുവെച്ച് മഷിയുണങ്ങുംമുന്‍പ് അത് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു, ഉത്തരകൊറിയ. ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂവെന്ന് സൈനിക നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.