കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് നിമിഷയുടെ അമ്മ ബിന്ദു

single-img
8 October 2017

കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മതംമാറി സിറിയയിലേക്ക് കടന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവിന്റേതാണ് ഹര്‍ജി.

കേരള പൊലീസിന്റെ അന്വേഷണം പരാജയമെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹാദിയ കേസില്‍ ബിന്ദുവും മൂന്ന് ഹൈക്കോടതി അഭിഭാഷകരും കക്ഷിചേരും.

കേരളത്തില്‍ ആസൂത്രീത മതപരിവര്‍ത്തനം നടക്കുന്നുവെന്നും അതില്‍ വിദേശപണം എത്തുന്നുവെന്നും ബിന്ദു ആരോപിക്കുന്നു. കേരളം ഐഎസിന്റെയും ജിഹാദികളുടെയും താവളമായെന്ന് ബിന്ദു ഹര്‍ജിയില്‍ പറയുന്നു.

ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഈ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിന്റെ ഹര്‍ജി.

കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഹിന്ദുവായിരുന്ന നിമിഷ ഇസയെന്ന യുവാവിനെ വിവാഹം കഴിച്ച് മതം മാറിയത് വെറും നാലുദിവസത്തെ പരിചയത്തിനൊടുവില്‍ ആണെന്നും തീവ്ര മുജാഹിദ് നിലപാടുകാരനായിരുന്നു ഇസയെന്നും ബിന്ദു നേരത്തെ പറഞ്ഞിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അടക്കം തീവ്രവാദ സംഘടനകളുടെ യുദ്ധവീഡിയോ കാണുന്നതില്‍ നിമിഷ തല്‍പരയായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായും അമ്മ സൂചിപ്പിച്ചിരുന്നു. നിമിഷയും ഇസയും അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ് അമ്മ ബിന്ദു പറയുന്നത്.