പ്രതിഷേധം ഫലംകണ്ടു: അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയിലെ അടുത്ത കളി മുതല്‍ സര്‍ക്കാര്‍ സൗജന്യമായി കുടിവെളളം നല്‍കും

single-img
8 October 2017

അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതല്‍ കുടിവെള്ളം സൗജന്യമായി നല്‍കും. സ്റ്റേഡിയത്തിലെ കുടിവെള്ള വിതരണം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും. മത്സരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് ലോകകപ്പ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. ഭക്ഷണവിതരണവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ ഇന്നലെ നടന്ന മത്സരത്തിന് ശേഷം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയം ഗാലറിയില്‍ വെളളത്തിന്റെയും ഭക്ഷണത്തിന്റെയും കൊളളവില്‍പ്പനയായിരുന്നു അരങ്ങേറിയത്. ഒരു ചെറിയ ഗ്ലാസ് വെളളത്തിന് 10 രൂപയും ചെറിയ ഗ്ലാസ് കോളയ്ക്ക് 30 രൂപയുമാണ് ഈടാക്കിയിരുന്നത്.

20 രൂപയുടെ ഒരു കുപ്പി പൊട്ടിച്ച് നാലു ഗ്ലാസുകളിലാക്കി വിറ്റതോടെ 40 രൂപയാണ് കച്ചവടക്കാര്‍ നേടിയത്. ചില ഗാലറികളില്‍ അര ലിറ്ററിന്റെ കുപ്പിവെളളം വിറ്റത് ഒരു കുപ്പി വെളളത്തിന്റെ വില ഈടാക്കിയാണ്. കോളയുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഇത്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് ലോകകപ്പ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് ഇടപെട്ടതും വീഴ്ചകള്‍ പരിഹരിക്കുമെന്ന് അറിയിച്ചതും.