കുമ്മനത്തിന്റെ ജനരക്ഷായാത്ര നേട്ടമായത് സിപിഎമ്മിന്: ‘അമിട്ടടിച്ചതും’ യോഗിയുടെ നുണകളും അണികളുടെ കൊലവിളിയും യാത്രയുടെ ശോഭ കെടുത്തി; നേതൃത്വത്തിനെതിരെ അമര്‍ഷം പൂണ്ട് ബിജെപി പ്രവര്‍ത്തകര്‍

single-img
8 October 2017

 

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജനരക്ഷാ യാത്ര ഉദ്ദേശിച്ച ഗുണം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തുടങ്ങിയ യാത്ര തുടക്കത്തില്‍ തന്നെ വിപരീതഫലം സൃഷ്ടിച്ചെന്നാണ് ബിജെപി സംസ്ഥാന നേതാക്കളുടെ അഭിപ്രയം.

ഇത് ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടക്കം മുതലേ കുമ്മനമുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ വാക്കിന് വിലകല്‍പ്പിക്കാതെയാണ് ദേശീയ നേതൃത്വം ജനരക്ഷാ യാത്ര തീരുമാനിച്ചത്.

അതുകൊണ്ടു തന്നെ ദേശീയ നേതൃത്വത്തിന്റെ അമിത സമ്മര്‍ദംമൂലമാണ് യാത്രക്ക് ഈ അനുഭവമുണ്ടായതെന്നാണ് ഒരു വലിയ വിഭാഗം നേതാക്കളുടെയും വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോഴ അഴിമതിയില്‍പെട്ട് സംസ്ഥാന നേതൃത്വത്തില്‍ ചേരിപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തില്‍, അതൊന്ന് കെട്ടടങ്ങിയതിനു ശേഷം നവംബര്‍ അവസാനമോ ഡിസംബറിലോ ജാഥ നടത്തിയാല്‍ മതിയെന്നായിരുന്നു പൊതുവികാരം.

ഇക്കാര്യം അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമിത്ഷായുടെ പിടിവാശിയാണ് യാത്ര പെട്ടെന്ന് നടത്തിയതെന്നും ഇത് ബിജെപിക്കുതന്നെ ദോഷമായി എന്നാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ആരോപണം.

ഇതിനെല്ലാം പുറമെ കര്‍ണാടകയില്‍നിന്നുള്ള യുവമോര്‍ച്ച നേതാക്കളാണ് യാത്ര നിയന്ത്രിക്കുന്നതും യോഗങ്ങളില്‍ പ്രസംഗിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതും. ഇവര്‍ സംസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മറന്നാണ് പ്രസംഗം തയ്യാറാക്കുന്നതെന്നും ഇത് ജനങ്ങളില്‍ വിപരീത പ്രതികരണമുണ്ടാക്കുന്നുവെന്നുമാണ് നേതാക്കള്‍ക്കിടയില്‍ നിന്നുയരുന്ന പരാതി.

കേരളത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളാണ് ഇവര്‍ പടച്ചുവിടുന്നത്. ഇത് ബിജെപിക്ക് തന്നെ പാരയാവുകയാണെന്നും ദശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി നടത്തിയ വിലയിരുത്തല്‍ തന്നെ തുടക്കത്തിലെ പാളിപോയി.

യുപിയിലെ ആരോഗ്യരംഗം കേരളം മാതൃകയാക്കണമെന്ന ആദിത്യനാഥിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ ഇതിനെതിരെ ദേശീയ മാധ്യമങ്ങള്‍ തന്നെ രംഗത്തെത്തി. ഇത് യാത്രയുടെ ശോഭ കെടുത്തിയെന്നാണ് ബിജെപി നേതാക്കള്‍ തന്നെ പറയുന്നത്.

അതേസമയം ജനരക്ഷാ യാത്രയില്‍ സിപിഎമ്മിനുനേരെ ബി.ജെ.പി നേതൃത്വം ഉന്നയിക്കുന്ന പ്രധാന ആരോപണം സിപിഎം ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നുവെന്നായിരുന്നു. യാത്രയുടെ ആദ്യദിനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരില്‍ പറഞ്ഞത് കേരളത്തില്‍ 120 ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്.

എന്നാല്‍ പിറ്റേദിവസം കണ്ണൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പില്‍ സംസാരിച്ചപ്പോള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് 283 ആക്കി ഉയര്‍ത്തി. ഇതോടെ കേരളത്തില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുകയാണെന്നും അവരുടെ പാര്‍ട്ടിയില്‍ നിന്നും കൊല്ലപ്പെട്ടവരുടെ എണ്ണം പോലും അവര്‍ക്ക് അറിയില്ലെന്നും പറഞ്ഞ് മുന്‍ ബിജെപി നേതാവ് ഒകെ വാസു രംഗത്തെത്തി.

സിപിഎം ശക്തികേന്ദ്രങ്ങളില്‍ യാത്ര നടത്തുമ്പോള്‍ പൂര്‍ണസമയം അമിത്ഷാ പങ്കെടുക്കുമെന്നതായിരുന്നു സംസ്ഥാന നേതാക്കളുടെ ആകെ പ്രതീക്ഷ. ഇതിലൂടെ തുടക്കത്തിലെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാമെന്നും നേതൃത്വം കരുതി.

എന്നാല്‍ നേരത്തെ ജനരക്ഷാ യാത്രയുടെ ആദ്യ ദിനത്തില്‍ മാത്രം പങ്കെടുത്ത അമിത് ഷാ മൂന്നാം ദിനത്തിലെ പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിയിലേക്ക് തിരിച്ച് പോവുകയായിരുന്നു. ഇതോടെ ഉദ്ഘാടന ചടങ്ങിലും ജാഥയിലും പ്രതീക്ഷിച്ച ജനപങ്കാളിത്തമില്ലാത്തതിനെത്തുടര്‍ന്നാണ് അമിത് ഷായുടെ തിരിച്ച് പോക്കെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം അമിത് ഷായുടെ മടക്കത്തെ വിശേഷിപ്പിച്ചത്.

പിന്നീട്, ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആള്‍ക്കൂട്ടത്തെ കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമാക്കി ബി.ജെ.പി നടത്തിയ പുതിയ ഫോട്ടോഷോപ്പ് തന്ത്രവും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തപ്പോല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വെട്ടിലായി.

ഏറ്റവും ഒടുവില്‍ ജനരക്ഷായാത്രക്കിടയില്‍ ജയരാജനെതിരെ കൊലവിളി നടത്തുന്ന ദൃശ്യങ്ങള്‍ വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ യാത്ര വീണ്ടും വിവാദത്തിലായി. സംഭവത്തില്‍ പോലീസ് കേസെടുക്കുക കൂടി ചെയ്തതോടെ യാത്രയുടെ ശോഭ ഒന്നുകൂടി മങ്ങി.