മോദിയുടെ ഭരണനേട്ടത്തെ കുറിച്ച് ഇനി ആരും കുറ്റംപറയരുത്; ഈ നേട്ടം കണ്ണുതുറന്ന് കാണണം; അമിത്ഷായുടെ മകന്റെ നഷ്ടത്തിലായിരുന്ന കമ്പനി ഒരുവര്‍ഷംകൊണ്ട് നേടിയത് 80 കോടി രൂപയുടെ ലാഭം

single-img
8 October 2017

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതിന്റെ ഗുണം കോര്‍പ്പറേറ്റുകള്‍ക്കും സ്വന്തക്കാര്‍ക്കും മാത്രമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്റെ മകന്‍ ജെയ് അമിത് ഷായുടെ കമ്പനിയുടെ സ്വത്തില്‍ 16000 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ജെയ്‌യുടെ സ്വത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദി വയര്‍ ഡോട്ട് കോം ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡിന് 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും യഥാക്രമം 6230, 1724 രൂപയുടെയും നഷ്ടമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജെയ് ഷായുടെ കമ്പനി പിന്നീട് പെട്ടെന്ന് കുതിച്ചുയരുകയായിരുന്നു.

2014-15 വര്‍ഷത്തില്‍ 50,000 രൂപയുടെ വരുമാനവും 18,728 രൂപ ലാഭവും കമ്പനി നേടി. 2015-16 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 80.5 കോടിയായാണ് ഉയര്‍ന്നത്. രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ 2016 ല്‍ കമ്പനി വന്‍ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം കമ്പനിക്കുണ്ടായതെന്ന് കുറിച്ചാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകന്‍ ജയ് ഷായും, ജിതേന്ദര്‍ ഷായുമാണ് കമ്പനി ഡയറക്ടര്‍മാര്‍. ഒപ്പം അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയില്‍ ഉടമസ്ഥതയുണ്ട്.

കമ്പനിയുടെ അസാമാന്യമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ വിശദാംശങ്ങള്‍ മനസിലാക്കുന്നതിനു വേണ്ടി ദി വയറിന്റെ റിപ്പോര്‍ട്ടര്‍ ജെയ് ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാത്രയിലായതിനാല്‍ ഷാ കൃത്യമായി മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

അതേസമയം, ഷാക്കെതിരായി എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാണിക് ദോഗ്ര അറിയിച്ചിട്ടുണ്ട്. കമ്പനി രജിസ്റ്റാര്‍ വകുപ്പില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം വളരെ ഭീമമായ അളവില്‍ കമ്പനിയുടെ ലാഭത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്.

അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായതിനു ശേഷം അദ്ദേഹത്തിന്റെ വരുമനത്തിലും വന്‍ വര്‍ധനവുണ്ടായതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ഷായുടെ വരുമാന വര്‍ധനയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വാര്‍ത്ത മണിക്കൂറുകള്‍ക്കകം ബിജെപി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു.