യോഗിയും അമിത്ഷായും വീണ്ടും പണികൊടുത്തു; ജനരക്ഷായാത്രയിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ബിജെപി നേതാവ്

single-img
7 October 2017

കണ്ണൂര്‍: കേരളത്തിലെ സിപിഎമ്മിനെതിരായി ബി.ജെ.പി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവ് രംഗത്ത്. ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ സിപിഎമ്മിനെതിരെ ബി.ജെ.പി നേതൃത്വം ഉന്നയിക്കുന്ന പ്രധാന ആരോപണം അവര്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നുവെന്നാണ്.

എന്നാല്‍ ഈ ആരോപണത്തില്‍ തന്നെ നേതാക്കള്‍ക്ക് ഒരു വ്യക്തതയുമില്ലെന്നാണ് ബി.ജെ.പിയുടെ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വാസു പറയുന്നത്. ജനരക്ഷാ യാത്രയുടെ ആദ്യ ദിനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരില്‍ പറഞ്ഞത് കേരളത്തില്‍ 120 ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്.

എന്നാല്‍ പിറ്റേദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് 283 ആക്കി. കണ്ണൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പില്‍ സംസാരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ 283 ബി.ജെ.പി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയതെന്നാണ് ആദിത്യനാഥ് പറഞ്ഞത്.

ഇതിലൂടെ കേരളത്തില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുകയാണെന്ന് 2014ല്‍ സിപിഎമ്മില്‍ ചേര്‍ന്ന ഒ.കെ വാസു പറയുന്നു.

അവരുടെ പാര്‍ട്ടിയില്‍ നിന്നും കൊല്ലപ്പെട്ടവരുടെ എണ്ണം പോലും അവര്‍ക്ക് അറിയില്ലെന്നും കേരളത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂമിയാക്കി ചിത്രീകരിക്കുകയെന്നതു മാത്രമാണ് ജനരക്ഷാ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരുനേതാക്കളും ഏതുകാലയളവിലെ കണക്കുകളാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.