നിലപാട് കടുപ്പിച്ച് ട്രംപ്; മുന്നറിയിപ്പ് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പാകിസ്ഥാനിലേക്ക്

single-img
7 October 2017

പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരരെ സംരക്ഷിക്കുന്ന വിഷയത്തില്‍ ദീര്‍ഘനാളായി പാകിസ്ഥാനോട് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതില്‍ അമര്‍ഷം രേഖപ്പെടുത്താന്‍ ഉന്നത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരേയും പാകിസ്ഥാനിലേക്ക് മുന്നറിയിപ്പുമായി അയക്കാനാണ് ട്രംപിന്റെ തീരുമാനം.

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈമാസം അവസാനം പാകിസ്താനിലെത്തും. ടില്ലേഴ്‌സണിന് പിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്ഥാന്‍ സന്ദര്‍ശിക്കും. യുഎസിന്റെ ആശങ്കകളും സന്ദേശവും പാക്കിസ്ഥാനെ നേരിട്ട് അറിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.

പാക്ക് പ്രധാനമന്ത്രി, സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഭീകരസംഘടനകള്‍ക്കു പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാക്കിസ്ഥാനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കുന്നതില്‍ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാക്ക് സൈന്യം സുരക്ഷ ഒരുക്കിയിരുന്ന അല്‍ഖൈ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ രാജ്യത്ത് കയറി അമേരിക്ക വധിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളുൃം തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

ഭീകരര്‍ക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയില്‍ നിന്ന് കൈപ്പറ്റുന്ന പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് ട്രംപ് നേരത്തെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ ‘വേണ്ടതെന്താണോ അത് ചെയ്യും’ എന്ന് ജിം മാറ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാക്ക് ചൈന സാമ്പത്തിക ഇടനാഴിക്കെതിരെയും യുഎസ് നിലപാടെടുത്തു. ഉപരോധം അടക്കമുള്ള നടപടികളുണ്ടാകുമെന്നും നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാക്കിസ്ഥാനെ പ്രയാസപ്പെടുത്തുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചിട്ടും ശൈലീമാറ്റവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണു രണ്ട് ഉന്നത സെക്രട്ടറിമാരെ തന്നെ ട്രംപ് നിയോഗിച്ചത്.