വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മുന്‍ സന്തതസഹചാരി എ. സുരേഷ്

single-img
7 October 2017

സിപിഎമ്മിനെയും വിഎസ് അച്യുതാനന്ദനെയും രൂക്ഷമായി വിമര്‍ശിച്ച് വിഎസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നതിന് വി.എസ് ഒന്നും ചെയ്തില്ലെന്നും പാര്‍ട്ടിക്ക് നയവ്യതിയാനം സംഭവിച്ചെന്നും സുരേഷ് ആരോപിച്ചു.

താന്‍ ആവശ്യപ്പെടാതെ തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ട ആളായിരുന്നു വി എസ് എന്നും സുരേഷ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിഷയത്തില്‍ അപ്പീല്‍ നല്‍കിയത് വി എസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും സുരേഷ് വ്യക്തമാക്കി.

ഒ കെ വാസു, എ അശോകന്‍ ഉള്‍പ്പടെയുള്ള ബി ജെ പി പ്രവര്‍ത്തകരെ ഉള്‍ക്കൊണ്ട പാര്‍ട്ടിയാണ് സിപിഎം. ബിജെപി നേതാക്കളെ ഉള്‍ക്കൊണ്ടത് നയവ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും സുരേഷ് പറഞ്ഞു. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദറില്ല, പാര്‍ട്ടി അനുഭാവിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് പ്രതിപക്ഷനേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും 13 വര്‍ഷത്തോളം വിഎസിന്റെ സന്തതസഹചാരിയായിരുന്നു എ. സുരേഷ്. ഇതാദ്യമായാണ് സുരേഷ് വി എസിനെ വിമര്‍ശിക്കുന്നത്.

വാര്‍ത്ത ചോര്‍ത്തല്‍ കുറ്റം ആരോപിച്ചാണ് 2013 മേയില്‍ വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വി.കെ ശശിധരന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരെയും എ. സുരേഷിനെയും പി.ബി തീരുമാനപ്രകാരം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.