സൗദിയില്‍ ആക്രമണം നടത്താനുള്ള ഐഎസ് തീവ്രവാദികളുടെ ശ്രമം സൗദി സേന തകര്‍ത്തു: രണ്ടു ഭീകരരെ വധിച്ചു

single-img
6 October 2017

സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഐഎസ് തീവ്രവാദികളുടെ നീക്കം സൗദി സേന തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച റിയാദില്‍ മൂന്നു സ്ഥലത്തു നടത്തിയ റെയ്ഡിലാണ് പ്രതിരോധ മന്ത്രാലയം ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു ഭീകരരെ വധിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ മാസമാണ് പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഐഎസ് തീവ്രവാദികളുടെ പദ്ധതിയെക്കുറിച്ചു സുരക്ഷാ സേനയ്ക്കു സൂചന ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണമാണ് സൗദിയിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. ഭീകരന്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ റിയാദിലെ അല്‍ റിമലിലെ കെട്ടിടത്തില്‍ സുരക്ഷാ സേന പരിശോധന നടത്തിയവെ ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

രണ്ടാമത്തെ ഭീകരനെ പടിഞ്ഞാറന്‍ ജില്ലയായ അല്‍ നമാറിലെ അപ്പാര്‍ട്‌മെന്റില്‍ വച്ച് സൈന്യം വധിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാമത്തെ റെയ്ഡ് നടന്നത് തെക്കന്‍ റിയാദിലെ അല്‍ ഘനാമിയ എന്ന പ്രദേശത്താണ് നടന്നത്.

ഇവിടെനിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. സൗദിയില്‍ പുതിയതായി രൂപീകരിച്ച പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു.