എല്ലാ ആണുങ്ങളും അങ്ങനെയല്ലെന്ന് നടി റിമാ കല്ലിങ്കല്‍

single-img
6 October 2017

തിരുവനന്തപുരം: ദിലീപിനുവേണ്ടി സോഷ്യല്‍മീഡിയകളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടി റിമാ കല്ലിങ്കല്‍ രംഗത്ത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് ഉറപ്പിക്കുന്നത് പ്രചരണം നടത്തുന്നവരെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരി 17ന് ആക്രമിക്കപ്പെടുകയും തനിക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം കാണുകയും ചെയ്യുന്ന തന്റെ സുഹൃത്ത് അയച്ചു തന്ന ചിത്രമാണിതെന്ന് പറഞ്ഞാണ് റിമ പോസ്റ്റ് ആരംഭിക്കുന്നത്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കപ്പെട്ട പോസ്റ്റില്‍, ദിലീപ് മനസ് വച്ചാല്‍ കേരളത്തിലെ തനിക്കെതിരെ സംസാരിച്ചവരെല്ലാം ആണ്‍പിള്ളേരുടെ ഫോണിലെ അശ്ലീല ചിത്രമാകുമെന്നാണ് പറയുന്നത്.

എന്നാല്‍ ഇത്തരം ഞരമ്പുരോഗികള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ കേരളത്തിലെ എല്ലാ ആണുങ്ങളെയും കുറ്റം പറയേണ്ടെന്ന് റിമ പറയുന്നു. കേരളത്തിലെ യഥാര്‍ത്ഥ പുരുഷന്മാരോടൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയുടെ മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാര്‍ക്കും നാണക്കേട് ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്‍ക്കും അപമാനമുണ്ടാക്കി.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും താരത്തിന് ഇതിലധികവും ചെയ്യാന്‍ കഴിയുമെന്ന് പറയുന്നവരും പുരുഷന്മാര്‍ക്ക് നാണക്കേടാണ്. ഇതാണ് ആണത്തവും ഹീറോയിസവുമെന്ന് ചിന്തിക്കുന്ന ഇക്കൂട്ടരില്‍ നിന്നും യുവതലമുറയെയും യഥാര്‍ത്ഥ പുരുഷന്മാരെയും രക്ഷിക്കണമെന്നും റിമ പറയുന്നു.

ജയിലിന് പുറത്ത് മധുരം വിളമ്പുന്ന നൂറുപേരോ ഫേക്ക് പ്രൊഫൈലുകള്‍ ഉപയോഗിച്ച് ഇത്തരം പ്രചാരണം നടത്തുന്നവരോ യഥാര്‍ത്ഥ പുരുഷന്മാരല്ലെന്ന് സമൂഹത്തോട് വിളിച്ചു പറയണം. ഇത്തരക്കാരോട് കൂട്ടുകൂടാനോ ഇവരെ പ്രണയിക്കാനോ ഇവനോടൊപ്പം ഹൃദയം പങ്കിട്ട് ജീവിക്കാനോ ഒരു പെണ്ണും തയ്യാറാകില്ലെന്നും ഇവരില്‍ നിന്നും നമ്മുടെ യഥാര്‍ത്ഥ പുരുഷന്മാരെ രക്ഷിക്കണമെന്നും റിമ കൂട്ടിച്ചേര്‍ത്തു.