സ്വന്തമായ അഭിനയ ശൈലിക്കു വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത്; വാപ്പച്ചിയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍

single-img
6 October 2017

ദുബായ്: സിനിമ നല്ലതെങ്കില്‍ ജനം കാണുമെന്നും സാമ്പത്തിക വിജയമുണ്ടാകുമെന്നും ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സോളോയുടെ റിലീസിനു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

സ്വന്തമായ അഭിനയ ശൈലിക്കു വേണ്ടിയാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നു പറഞ്ഞ ദുല്‍ഖര്‍, ഒന്നിലേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോളോയില്‍ വാപ്പച്ചി മമ്മൂട്ടിയേയും ഉലകനായകന്‍ കമല്‍ഹാസനെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു.

മലയാളി പ്രേക്ഷകരുടെ അഭിരുചിയില്‍ മാറ്റം വന്നോ എന്ന ചോദ്യത്തിന് കഴിഞ്ഞകാലത്തും ഇപ്പോഴും നല്ല സിനിമയെ വിജയിപ്പിക്കുന്നവരാണു മലയാളികളെന്നായിരുന്നു മറുപടി. വിജയത്തിനു പ്രത്യേക ചേരുവകളുണ്ടെന്നു പറയാനാവില്ല. മികച്ച സിനിമകള്‍ കണ്ടു രൂപപ്പെട്ടതാണു മലയാളിയുടെ അഭിരുചിയെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചിത്രത്തില്‍ ശേഖര്‍ എന്ന വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്നും ദുല്‍ഖര്‍ പറഞ്ഞു. അഭിനയം കഴിഞ്ഞിട്ടും വിക്കു തുടര്‍ന്നെന്നും ഡിക്യു പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ബോജോയ് നമ്പ്യാര്‍, നടിമാരായ അര്‍തി വെങ്കിടേഷ്, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍ എന്നിവരും പങ്കെടുത്തു.