എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
6 October 2017

ന്യുഡല്‍ഹി: വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ തേടിയ ശേഷമാണ് വിറ്റൊഴിയാന്‍ തീരുമാനമെന്നാണ് കേന്ദ്രത്തിന്റെ വീശദീകരണം.

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ബാധ്യത ഇപ്പോള്‍ 52,000 കോടി കവിഞ്ഞു. ഓരോ വര്‍ഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നല്‍കിയ 30,000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പിന്‍ബലത്തിലാണ് എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്.

അതിനാല്‍ വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 72,500 കോടി രുപ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ളതിനാല്‍ ലക്ഷ്യം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

നേരത്തെ, വിവിധ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അശോക് ഗജപതി രാജു, ഹര്‍ദ്ദീപ് സിങ് പുരി, പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, ആനന്ദ് കുമാര്‍, ആനന്ദ് ഗീതെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2017-18 ല്‍ 72500 കോടിയുടെ വരുമാനം കണ്ടെത്താനാകുമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ജുണിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ യോഗം ജൂണ്‍ 28ന് അനുമതി നല്‍കിയിരുന്നു.