നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി കോയമ്പത്തൂരില്‍ വച്ച് ഏഴാം പ്രതിക്ക് കാണിച്ചുകൊടുത്തു: ദിലീപിന് കുരുക്കായി നിര്‍ണായക രഹസ്യമൊഴി

single-img
5 October 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴി. ഏഴാം പ്രതി ഇരിട്ടി സ്വദേശി ചാര്‍ളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞത്.

നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്. ഒന്നരക്കോടിരൂപയാണ് ക്വട്ടേഷന്‍ തുകയെന്നു സുനി ചാര്‍ലിയോടു പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങളും ചാര്‍ലിയെ കാണിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസയം നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഡിജിപി: ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അതിനിടെ ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച രാത്രി ആലുവ പോലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ദിലീപിനെതിരെ തിടുക്കപ്പെട്ട് കുറ്റപത്രം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂര്‍ത്തിയാകുന്ന ഒക്‌ടോബര്‍ എട്ടിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നേരത്തേ പൊലീസ്.

ഇത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ സ്വാഭാവിക ജാമ്യത്തിനുള്ള അവസരം ഇല്ലാതാകുമായിരുന്നു. അതിനു മുമ്പേ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ഫോണും യഥാര്‍ത്ഥ മെമ്മറികാര്‍ഡും കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കിയാലും അന്വേഷണം അവസാനിപ്പിക്കില്ല. ഇത് കുറ്റപത്രത്തില്‍ പ്രത്യേകം പരാമര്‍ശിക്കും.

കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ മുഖ്യസാക്ഷിയായിരിക്കും. മജിസ്‌ട്രേട്ടിന് മുമ്പില്‍ രേഖപ്പെടുത്തിയ 24 പേരുടെ രഹസ്യമൊഴിയാണ് മറ്റൊരു പ്രധാന ഘടകം. ഇത് മുഴുവന്‍ ദിലീപിനെതിരെയുള്ള തെളിവുകളാണെന്നാണ് അന്വേഷണസംഘത്തിന്റെ അവകാശവാദം. പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നതിനാല്‍ രഹസ്യമൊഴി വിചാരണ വേളയില്‍ സാധാരണയായി ആരും മാറ്റിപ്പറയാറില്ല.

വിചാരണവേളയില്‍ ഏറ്റവുമധികം വാദത്തിന് ഇടയാക്കുന്നത് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താത്തതിനെ ചൊല്ലിയായിരിക്കും. പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധിയും ഇതായിരിക്കും.

മുഖ്യപ്രതിക്കെതിരെ ചുമത്തിയ മാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും ഇത് നിലനില്‍ക്കുമോയെന്നതും തര്‍ക്കവിഷയമാണ്. അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. അതിനാല്‍ മാനഭംഗക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് പ്രതിഭാഗം ഉന്നയിക്കുക.