സ്ഥാനമാനങ്ങള്‍ വേണ്ടെന്ന നിലപാടില്‍ ദിലീപ്: ‘ഫിയോക്’ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ല

single-img
5 October 2017


തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം സംഘടന പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചുനല്‍കി. ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചുനല്‍കിയത്.

എന്നാല്‍ ഫിയോകിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘടനയുടെ ജനറല്‍ സെക്രട്ടറി എംസി ബോബിക്ക് ദിലീപ് കത്ത് അയക്കുകയായിരുന്നു. പ്രസിഡന്റായി തന്നെ വീണ്ടും നിയോഗിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു പദവിയും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കത്തില്‍ ദിലീപ് അറിയിച്ചത്.

ഫിയോകിന്റെ അംഗമെന്ന നിലയില്‍ തന്റെ എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും സംഘടനയ്ക്കുണ്ടാകുമെന്നും ദിലീപ് കത്തില്‍ ചൂണ്ടിക്കാട്ടി. ദിലീപ് റിമാന്‍ഡിലായപ്പോള്‍ പകരം പ്രസിഡന്റായ ആന്റണി പെരുമ്പാവൂരാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചു കൈമാറുന്ന കാര്യം അറിയിച്ചത്.

താന്‍ വൈസ് പ്രസിഡന്റായി തുടരുമെന്നും ആന്റണി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയല്ല, സാങ്കേതികമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ തത്കാലം സ്ഥാനത്ത് നിന്ന് നീക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.

ദിലീപ് കുറ്റക്കാരനല്ലെന്നാണ് താങ്ങളുടെ വിശ്വാസമെന്നും ബാക്കിയെല്ലാം കോടതി തീരുമാനിക്കട്ടെ എന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് റിലീസുകള്‍ മുടക്കി എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് പുതിയ സംഘടന രൂപവത്കരിച്ചത്.

നിലവിലെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ബദലായാണ് ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊണ്ടത്. എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്, ചാലക്കുടി ഡി സിനിമാസിന്റെ ഉടമ കൂടിയായ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.