ദേശീയ പാതയിലെ ടാറിംഗ് പൂര്‍ത്തിയാക്കിയില്ല: കരാറുകാരനെതിരെ മന്ത്രി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി

single-img
4 October 2017

ദേശീയപാതയുടെ അറ്റകുറ്റ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരെ കേസെടുക്കാന്‍ മന്ത്രി പൊലീസില്‍ പരാതി നല്‍കി. മംഗലപുരം കരമന ദേശീയപാതയുടെ പണി ഏറ്റെടുത്ത കരാറുകാരായ റിവൈവ് കമ്പനിയുടമ കിളിമാനൂര്‍ സ്വദേശി നസറുദ്ദീനെതിരെയാണ് മന്ത്രി ജി, സുധാകരന്‍ ഇന്നലെ ഉച്ചയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കഴക്കൂട്ടം അസിസ്റ്റ് കമ്മീഷണര്‍ എ. പ്രമോദ്കുമാറിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കരാര്‍ ലംഘനത്തിനു കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയോടെ റോഡിന്റെ കഴക്കൂട്ടം ഭാഗത്തെ ശോച്യാവസ്ഥ നേരിട്ടു കണ്ടശേഷമാണ് പരാതി നല്‍കിയത്. കരാറുകാരന്‍ ചെയ്ത പണിയില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കരാറുകാരനെതിരെ പൊതുമരാമത്തു നിയമങ്ങള്‍ ലംഘിച്ചതിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പുറമെ ക്രിമിനല്‍ കുറ്റത്തിനു കേസെടുക്കണമെന്നാണു മന്ത്രി ആവശ്യപ്പെട്ടത്.

ദേശീയപാതയുടെ മംഗലപുരം കരമന റീച്ചിലെ 22 കിലോമീറ്ററിലെ അറ്റകുറ്റപ്പണിക്കു റിവൈവ് കണ്‍സ്ട്രക്ഷനു കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആറുമാസത്തെ കാലാവധി നിശ്ചയിച്ചു കരാര്‍ നല്‍കിയിരുന്നെങ്കിലും പണി നടത്തിയില്ല. ഒട്ടേറെ തവണ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താതിരുന്നതിനെത്തുടര്‍ന്നാണു മന്ത്രി കഴക്കൂട്ടം അസി. കമ്മിഷണര്‍ക്കു കത്തുനല്‍കിയത്.

കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഈ പണി ചെയ്യാതെ കഴക്കൂട്ടം-അടൂര്‍ മാതൃകാ റോഡിന്റെ സബ് കരാറും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇതും ചെയ്യുന്നില്ല. കരാറുകാരെ സഹായിക്കുന്ന നടപടികള്‍ എടുത്തതിനാലാണ് ചില ഉന്നത ഉദ്യോഗസ്ഥരെ മാറ്റേണ്ടിവന്നതെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

പുതിയ നിയമപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് ജുഡീഷ്യല്‍ അധികാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം റോഡിലെ അറ്റകുറ്റപണികള്‍ക്കും, കയ്യേറ്റങ്ങള്‍ക്കും എതിരെയെല്ലാം കര്‍ശന നടപടികള്‍ എടുക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.