ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: രണ്ടു ഭീകരരെ സൈന്യം വധിച്ചു; വിമാനത്താവളം അടച്ചു

single-img
3 October 2017

ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. നാലു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചു. ശക്തമായ വെടിവയ്പ്പും സ്‌ഫോടന ശബ്ദങ്ങളും ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നാലു ഭീകരരാണ് ക്യാംപിലേക്ക് ഇരച്ചുകയറിയത്. ക്യാംപിലെ ഒരു കെട്ടിടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നുവെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. പുലര്‍ച്ചെ 4.30 ഓടെയാണ് ഭീകരര്‍ ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ ക്യാംപിലേക്ക് കടന്നത്. ഭീകരരും സേനയും തമ്മിലുള്ള കനത്ത വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.

ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി ഹെലിക്കോപ്റ്ററിലും നിരീക്ഷണം നടത്തുന്നുണ്ട്. ചാവേറാക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ അടച്ചു.

ചില വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗര്‍ സിവില്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിമാനത്താവളത്തിനു സമീപമാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ സ്ഥിതി ചെയ്യുന്നത്. സേനാവിഭാഗങ്ങളും വിഐപിക്കളും ഉപയോഗിക്കുന്ന വിമാനത്താവളമാണിത്.