പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് ഉണ്ടാകില്ലെന്ന് കണ്ണന്താനം

single-img
3 October 2017

പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് ഉണ്ടാകില്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നാല്‍പ്പത്തൊമ്പത് രൂപയായി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കില്ല. വെറും ഒന്നര രൂപ മാത്രമെ അവര്‍ക്ക് വര്‍ധിക്കുകയുള്ളൂ.

ഇതില്‍ 47 രൂപ സബ്‌സിഡിയുള്ള സാധാരണക്കാരന്റെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ച മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്‌ക്കെതിരെയും കണ്ണന്താനം രംഗത്തെത്തി. ജെയ്റ്റ്‌ലിയുമായി സിന്‍ഹയ്ക്ക് വ്യക്തിവൈരാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ടൂറിസം മേഖല വികസിപ്പിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പണം മുടക്കാനും തയ്യാറാണ്. കേരളത്തിലെ ബീച്ചുകള്‍ മെച്ചപ്പെടുത്താനുള്ള പണം കേന്ദ്രം അനുവദിക്കാമെന്ന് കേരളത്തെ അറിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.