നടന്‍ ദിലീപ് ജയില്‍ മോചിതനായി: 85 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ താരത്തിന് വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

single-img
3 October 2017

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപ് ജയില്‍ മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ ജയില്‍ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അങ്കമാലി മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയില്‍നിന്ന് പുറത്തിറങ്ങി.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകര്‍ എന്നിവര്‍ ചേര്‍ന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓര്‍ഡര്‍ ആലുവ ജയിലില്‍ സഹോദരന്‍ എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാന്‍ കാത്തുനിന്നത്.

മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്‌ലെക്‌സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. നടന്‍ ധര്‍മ്മജന്‍, നാദിര്‍ഷായുടെ സഹോദരന്‍ സമദ്, കലാഭവന്‍ അന്‍സാര്‍ തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

85 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ രണ്ട് തവണ ജാമ്യം നിഷേധിച്ചതും ഇതേ ജഡ്ജി തന്നെയായിരുന്നു.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ദിലീപിനെ വിട്ടയക്കുന്നത്. പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, കുറ്റപത്രം സമര്‍പ്പിക്കും വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെയോ ഇരയെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവ് നശിപ്പിക്കരുത്, വിചാരണ തടസ്സപ്പെടുത്തരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.

ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദിലീപിന് ജാമ്യം അനുവദിക്കുന്നതെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു.

പ്രോസിക്യൂഷന്റെ തെളിവുശേഖരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഏതാനും ചില സാക്ഷികളുടെ ചോദ്യം ചെയ്യല്‍, ഫോറന്‍സിക് പരിശോധന ഫലം, മറ്റ് ചില റിപ്പോര്‍ട്ടുകളുടെ ശേഖരണം എന്നിവയാണ് ഇനി അവശേഷിക്കുന്നത്.

അന്വേഷണവും തെളിവുശേഖരണവും പൂര്‍ത്തിയായതിനാല്‍ മുന്‍ ജാമ്യഹര്‍ജികള്‍ പരിഗണിച്ചതില്‍ നിന്നും വിഭിന്നമായ സാഹചരമാണ് നിലവിലുള്ളത്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷന്‍ പോലും ആരോപിക്കുന്നില്ല.

കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ പ്രതിയാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇരയെ ലൈംഗികമായി അതിക്രമിച്ചതില്‍ നേരിട്ട് പങ്കാളിയായിട്ടില്ല. ഐപിസി സെക്ഷന്‍ 120(ബി), 34 വകുപ്പുകള്‍ പ്രകാരമുള്ള ഗൂഢാലോചക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, രജിസ്റ്റര്‍ രേഖകള്‍ എന്നിവ ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. 20 ഓളം സാക്ഷികളുടെ നിര്‍ണായകമായ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

സിആര്‍പിസ് സെക്ഷന്‍ 161 പ്രകാരമാണ് ഈ മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ പ്രതിയുടെ കസ്റ്റഡി ഇനി ആവശ്യമില്ല. വിചാരണയെ ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇനിയും റിമാന്റിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു.

ജൂലൈ 10ന് ആണ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം വൈകിട്ട് ഏഴേകാലോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് കോടതി നിര്‍ദേശപ്രകാരം ആലുവ സബ്ജയിലിലേക്ക് അയച്ചു.

രണ്ടാം നമ്പര്‍ സെല്ലില്‍ 523–ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിരുന്നത്. കൊലക്കേസിലും മോഷണക്കേസിലും പ്രതിയായവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ദിലീപിന് മറ്റു തടവുകാര്‍ക്കുള്ള പരിഗണന മാത്രമാണ് നല്‍കിയത്.

ഫെബ്രുവരി 17നാണ് സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. അങ്കമാലി അത്താണിക്കു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഡ്രൈവറായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ദിലീപാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.