പുറത്തിറങ്ങാമെന്ന പ്രതീക്ഷയില്‍ ദിലീപ്: ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

single-img
3 October 2017


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് വിധി പറയുക. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്.

നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യം പകര്‍ത്താന്‍ നടന്‍ ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പൊലീസ് പിടിയിലായാല്‍ പള്‍സറിന് മൂന്നു കോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന് നടിയോട് മുന്‍ വൈരാഗ്യമുണ്ട്. അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിലൂടെ തന്റെ ഉദ്ദേശ്യം നടന്നാല്‍ 65 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായി പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) കോടതിയെ അറിയിച്ചിരുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ രണ്ടു പകര്‍പ്പുകള്‍ ലഭിച്ചു. ഒന്നില്‍ ചിത്രങ്ങളും മറ്റൊന്നില്‍ വീഡിയോ ദൃശ്യങ്ങളുമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്.

കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു.

കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ കക്ഷി സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്.

എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.