ടീം ഇന്ത്യ വീണ്ടും നമ്പർ വൺ: രോഹിതിന്റെ വെടിക്കെട്ടില്‍ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഏഴ് വിക്കറ്റ് ജയം

single-img
1 October 2017

രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഉയർത്തിയ 243 റൺസിന്റെ വിജയലക്ഷ്യം 43 പന്തുകൾ ബാക്കി നിൽക്കവെ ഇന്ത്യ മറികടക്കുകയായിരുന്നു. 109 പന്തിൽ 125 റൺസ് നേടിയ രോഹിത് ശർമയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്.

ഇതോടെ ഐ.സി.സി റാങ്കിംഗിൽ സൗത്ത് ആഫ്രിക്കയെ പിന്നിലാക്കി വീണ്ടും ഇന്ത്യൻ ടീം ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് നേടിയത്. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ചുറിയും മധ്യനിരയില്‍ ഹെഡ്ഡും സ്‌റ്റോയിന്‍സും ചേര്‍ന്ന കൂട്ടുകെട്ടുമാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് തുണയായത്. ഓപ്പണര്‍മാരായ വാര്‍ണര്‍ 53 ഉം ഫിഞ്ച് 32 ഉം റണ്‍സ് നേടി. 66 റണ്‍സായിരുന്നു ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ട്.

ക്യാപ്റ്റന്‍ സ്മിത്തിനും ഹാന്‍ഡ്‌സ്‌കോമ്പിനും കാര്യമായ സംഭവന നല്‍കാനായില്ല. പിന്നീട് നാലിന് 118 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങിയ ഓസീസിനെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ സ്‌റ്റോയിന്‍സും ഹെഡുമാണ്. ഇരുവരും ചേര്‍ന്ന് 87 റണ്‍സാണ് നേടിയത്. ടീമില്‍ തിരിച്ചെത്തിയ അക്‌സര്‍ പട്ടേല്‍ മൂന്നും ജസ്പ്രീത് ഭൂംറ രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അജിൻക്യ രഹാനെയും രോഹിത് ശർമയും മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് നൽകിയത്. എന്നാൽ ഇന്ത്യൻ സ്‌കോർ 124ലെത്തിയപ്പോൾ 74 പന്തിൽ 61 റൺസെടുത്ത രഹാനയെ പാറ്റ് കുമ്മിൻസ് പുറത്താക്കി. പിന്നീടെത്തിയ ക്യാപ്‌ടൻ വിരാട് കോഹ്‌ലിയുമായി ചേർന്ന് രോഹിത് ശർമ സ്‌കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ വിജയത്തിലേക്ക് 20 റൺസ് അകലെ വച്ച് രോഹിത് ശർമയെ സാംപയുടെ പന്തിൽ കോർട്ടർ നൈൽ പിടിച്ച് പുറത്താക്കി. അതേ ഓവറിൽ തന്നെ 55 പന്തിൽ 39 റൺസെടുത്ത വിരാട് കോഹ്‌ലിയും മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെയും കേദാർ ജാദവും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് പരമ്പരയിലെ താരം.