റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: പ്രത്യേകസംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര

single-img
30 September 2017

ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുകയെന്ന് തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. അറസ്റ്റിലായ നാലുപേര്‍ക്ക് പുറമേ രണ്ടുപ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരെയുള്ള പരാതി അന്വേഷിച്ചുവരികയാണ്. തെളിവുകള്‍ ശേഖരിച്ചശേഷമേ ആരെല്ലാം കേസിലുള്‍പ്പെടും എന്ന് പറയാനാകൂ എന്നും യതീഷ് ചന്ദ്ര പറഞ്ഞു.

അതേസമയം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തി.

ഉദയഭാനുവില്‍നിന്ന് രാജീവിന് ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇതില്‍ അന്വേഷണത്തിന് ഉത്തരവ് ഇടാതെ കോടതി നെടുമ്പാശേരി സി.ഐയേയും എസ്.ഐയേയും സമീപിക്കാനും പരാതി ലഭിച്ചാല്‍ പൗരന്റെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും പറയുന്നു.

പാലക്കാട് ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവുമായി പ്രശ്‌നമുണ്ടായത്. കരാര്‍ എഴുതിയെങ്കിലും വില്‍പ്പന നടന്നിരുന്നില്ല. 70 ലക്ഷം രൂപയുടെ ഇടപാടായിരുന്നു ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്.

എന്തുകൊണ്ടാണ് വസ്തു ഇടപാട് നടക്കാതെ പോയതെന്നും വ്യക്തമല്ല. തന്റെ പ്രശ്‌നംകൊണ്ടല്ല, ഉദയഭാനുവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കരാര്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് രാജീവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ പല സുപ്രധാന കേസുകളിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയ ഉദയഭാനു പല വിധത്തില്‍ അന്യായമായി പണം സമ്പാദിച്ചിട്ടുണ്ടെന്നും അത് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ആണ് മുടക്കിയിരുന്നതെന്നും അതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉള്ളതിനാല്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നുമായിരുന്നു പരാതി.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രാജേഷിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അഡ്വ. ഉദയഭാനുവിനെതിരെയും അങ്കമാലി സ്വദേശിയായ റിയല്‍ എസ്റ്റേറ്റുകാരന്‍ ചക്കര ജോണിക്കെതിരെയുമാണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അഡ്വ.സി.പി ഉദയഭാനു നിഷേധിക്കുകയായിരുന്നു. തന്നില്‍ നിന്ന് പണം വാങ്ങിയ ശേഷം വഞ്ചിക്കാന്‍ രാജേഷ് ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ രാജേഷ് വ്യാജപരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവൊണ് ഉദയഭാനു പറഞ്ഞത്.

വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും വിശദമായ വിവരങ്ങള്‍ അപ്പോള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് രാജേഷിനെ ചാലക്കുടിയിലെ ഒരു തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് ക്വട്ടേഷന്‍ ഗുണ്ടകളെയും പിടികൂടിയിരുന്നു.

ഹൈക്കോടതിയിലെ പ്രമുഖനായ ഒരു അഭിഭാഷകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇന്നലെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
പിടിയിലായവരില്‍ ഒരാള്‍ ചക്കര ജോണിയുടെ ബന്ധുവാണെന്നും മറ്റു മൂന്നു പേര്‍ ഇയാളുടെ അടുത്തയാള്‍ക്കാര്‍ ആണെന്നും രാജേഷിന്റെ അഭിഭാഷകന്‍ പി.ഐ ഡേവിസ് പറയുന്നു.

കൊലപാതകം നടന്നശേഷം ജോണി ആദ്യം വിളിച്ചത് ഉദയഭാനുവിനെ ആണെന്നും ഇവര്‍ പറയുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയി ചില രേഖകളില്‍ ഒപ്പുവയ്പ്പിക്കാനാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഇതിനുള്ള ശ്രമത്തിനിടെയാണ് രാജേഷ് കൊല്ലപ്പെട്ടതെന്നും ഇവര്‍ പറയുന്നു.