ഇന്ന് വിജയദശമി: അറിവിന്റ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

single-img
30 September 2017

ഇന്ന് വിജയദശമി. വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്.
ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുകയാണ്. വിവിധയിടങ്ങളില്‍ പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

കല്‍മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മാത്രമല്ല വിജയദശമി ദിനത്തില്‍ ഗായകന്‍ യേശുദാസ് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന പ്രത്യേകതകൂടിയുണ്ട്. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ സ്വാതി തിരുനാള്‍ രചിച്ച പദ്മനാഭ ശതകം ആലപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.