കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍.എസ്.എസ്

single-img
30 September 2017

കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. നാഗ്പൂരില്‍ വിജയദശമി ദിന പ്രസംഗത്തിലാണ് ഭാഗവത് കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ആരോപണമുന്നയിച്ചത്.

കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്. ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവരെ നേരിടുന്നതില്‍ കേരളാബംഗാള്‍ സര്‍ക്കാരുകള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. തീവ്രവാദ ബന്ധമുള്ളതിനാലാണ് മ്യാന്മറില്‍ നിന്ന് റോഹിന്‍ഗ്യകളെ പുറത്താക്കിയത്. റോഹിന്‍ഗ്യകളെ പിന്തുണയ്ക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരിലാണ് ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നത്.

എന്നാല്‍, മാനുഷികതയുടെ പേരില്‍ മാനവരാശിയെ തന്നെ അപകടപ്പെടുത്താനാവില്ലെന്നും ഭഗവത് പറഞ്ഞു. ബംഗ്‌ളാദേശില്‍ നിന്നുള്ള കടന്നുകയറ്റ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ് മ്യാന്മര്‍ പ്രശ്‌നവും കൂടി നമ്മുടെ തലയിലാവുന്നത്.

റോഹിന്‍ഗ്യകളെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചാല്‍ തൊഴിലവസരങ്ങള്‍ക്ക് മാത്രമല്ല, ദേശസുരക്ഷയ്ക്കും വന്‍ ഭീഷണിയാവും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് അധികബാദ്ധ്യതയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശുസംരക്ഷണം ഭരണഘടനയില്‍ ഉറപ്പുനല്‍കുന്നുണ്ട്. പശുവിനെ പോറ്റുന്നത് മതത്തിന്റെ കാര്യമല്ല. നിരവധി മുസ്‌ലിംകളും പശു വളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോരക്ഷയുടെ പേരില്‍ നിരവധി മുസ്‌ലിംകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

ഗോരക്ഷകരുടെ കൈകളാല്‍ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ഏതു തരത്തിലുള്ള അക്രമങ്ങളും അപലപനീയമാണ് ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാമ്പത്തിക നില ഇപ്പോള്‍ പരുങ്ങലിലാണെന്നും ഇത് ഉടന്‍ അഭിവൃദ്ധിപ്പെടുമെന്നാണ് കരുതുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ പറഞ്ഞു.