കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് ശിക്ഷാ ഇളവ്: 15 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി; 119 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കും

single-img
30 September 2017

ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ട് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷയിലും ഇളവനുവദിക്കാന്‍ കുവൈത്ത് അമീര്‍ ഉത്തരവിട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്ത് അമീറിന്റെ ദയാപൂര്‍വമായ നടപടിയില്‍ സുഷമ സ്വരാജ് നന്ദി രേഖപ്പെടുത്തി. ജയിലില്‍ നിന്ന് വിട്ടയയ്ക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ചെറിയ കേസുകളില്‍പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു. 149 പേര്‍ക്കാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മോചനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് കുവൈത്ത് ഭരണകൂടവും സമാന ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷാര്‍ജയിലെ ജയിലുകളിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേരള സന്ദര്‍ശനത്തിനെത്തിയ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തീരുമാനിച്ചത്.

മലയാളികളെ മോചിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെങ്കിലും ഇന്ത്യക്കാരെ മുഴുവനായി വിട്ടയയ്ക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയായിരുന്നു. യുഎഇയില്‍ തിരിച്ചെത്തിയ ഉടനെ അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു.