“ഗുണ്ടകളുമായി പൊലീസുകാര്‍ക്ക് ചങ്ങാത്തം വേണ്ട”: ഗുണ്ടാ ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി

single-img
30 September 2017

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഗുണ്ടാ ബന്ധം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ മുന്നറിയിപ്പ്.

ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് കൈമാറണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം. ചിലയിടങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപങ്ങളും മാധ്യമ വാര്‍ത്തകളുമുണ്ട്.

ഗുണ്ടാ ആക്രമണങ്ങളുണ്ടായാല്‍ ഉടന്‍തന്നെ പൊലീസിന്റെ ഇടപെടലുണ്ടാകണം. അതിനു കാലതാമസമുണ്ടാകരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുണ്ട, മണല്‍, മാഫിയകളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ കാരണം പൊലീസ് സേനയുടെ അന്തസ്സ് ഇടിയുകയാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.