മുംബൈ ദുരന്തം: റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു: മരണസംഖ്യ ഉയരുന്നു

single-img
29 September 2017

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ക്കായുള്ള എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അപകട സ്ഥലം സന്ദര്‍ശിക്കും.

ആക്‌സിഡന്റ് റിലീഫ് മെഡിക്കല്‍ എക്വിപ്‌മെന്റ് ട്രെയിന്‍ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, അപകടം ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. നാലു ലൈനുകള്‍ ഉള്ളതില്‍ ഒരെണ്ണത്തിലെ ഗതാഗതമാണു തടസ്സപ്പെട്ടത്.

നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാലു സ്ത്രീകളും ഉള്‍പ്പെടുന്നു. രാവിലെ ഒന്‍പതരയോടെയാണ് അപകടം. കനത്ത മഴയില്‍നിന്നു രക്ഷതേടി ജനക്കൂട്ടം റയില്‍വേ മേല്‍പ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആള്‍ക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയില്‍വേ പിആര്‍ ഡിജി എ. സക്‌സേന അറിയിച്ചു.

മേല്‍പ്പാലത്തിനു സമീപം വലിയ ശബ്ദത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായെന്നും അത് തിക്കും തിരക്കും ഉണ്ടാവാനുള്ള കാരണമായോ എന്നും പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലര്‍ പാലത്തില്‍നിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. ആദ്യം വന്ന ചിത്രങ്ങളില്‍ ചിലയാളുകള്‍ നിലത്തുകിടക്കുന്നതു വ്യക്തമാണ്.