ഇന്ന് മഹാനവമി: ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി രാവിലെ മുതല്‍ വന്‍തിരക്ക്

single-img
29 September 2017

നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി. ആദ്യത്തെ മൂന്നുദിവസങ്ങള്‍ ദുര്‍ഗയെയും രണ്ടാമത്തെ മൂന്നുദിവസം മഹാലക്ഷ്മിയെയും പ്രീതിപ്പെടുത്തി് സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂര്‍ണതനല്‍കുന്ന ദിവസമാണ് മഹാനവമി. അന്ധകാരത്തിന്റെ ശക്തികളോട് ദേവി പൊരുതുന്ന രാത്രിയാണിത്.

ഭക്തവത്സലയായ ദുര്‍ഗാദേവി തിലോത്തമയുടെ രൂപം കൊണ്ട് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. മഹാദേവന്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗ്ഗാദേവിയായി അവതരിച്ച പാര്‍വ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിക്കുന്നു. മഹിഷാസുരന്റെ വധത്തിന്മേല്‍ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നന്‍മയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.

വിജയദശമി ദിവസമായ നാളെ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭവും ഒപ്പം ആയുധപൂജയും നടക്കും. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി, വിജയദശമി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്.

അതേസമയം ഇന്ന് മലയാളികളടക്കമുള്ളവരുടെ വന്‍ ഭക്തജനത്തിരക്കാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. മഹാനവമി ദിനത്തിലെ പ്രത്യേക പൂജകളിലും രഥോത്സവത്തിലും പങ്കെടുക്കാനായി ധാരാളം ഭക്തജനങ്ങളാണ് മൂകാംബികാ ദേവിയുടെ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നു വൈകുന്നേരം 5.30ഓടെയാണ് പുഷ്പാലംകൃതമായ രഥത്തില്‍ ദേവിയെ എഴുന്നള്ളിക്കുക. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ സരസ്വതീമണ്ഡപത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കും.

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ദേവിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

ഒന്‍പത് രാത്രികളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട് ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച് സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണിത്.

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.