അമിതാഭ് ബച്ചനേയും കുടുംബത്തേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും

single-img
28 September 2017

ന്യൂഡല്‍ഹി: പാനമ പേപ്പേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന വിദേശ നാണയ ഇടപാടുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ അമിതാഭ് ബച്ചനേയും കുടുംബത്തേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇതുസംബന്ധിച്ച് ജൂണ്‍ മാസത്തില്‍ ബച്ചന്‍ കുടുംബത്തിന് നോട്ടീസ് അയച്ചിരുന്നു.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം നല്‍കിയ നോട്ടീസിന് ബച്ചന്‍ കുടുംബത്തില്‍ നിന്നും മറുപടി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുള്ള വിദേശ വരുമാനം സംബന്ധിച്ച് വിശദീകരണം നല്‍കാനാവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.

അതേസമയം വിദേശത്തുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പാനമ രേഖകള്‍ വഴി വെളിപ്പെടുത്തിയിരിക്കുന്ന ഒരു ഓഫ്‌ഷോര്‍ കമ്പനിയെ കുറിച്ചുമുള്ള വിശദാംശങ്ങളാണ് ബച്ചനില്‍ന്നും ചേദിച്ചറിയുക. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ സൂപ്പര്‍ താരം അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന രേഖകള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആണ് പുറത്തു വിട്ടത്. പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനമായ മൊസാക് ഫോണ്‍സെകയുടെ ചോര്‍ത്തിക്കിട്ടിയ രേഖകളായിരുന്നു ഇവര്‍ പുറത്തു വിട്ടത്.