റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് ദിലീപിനെതിരാക്കാന്‍: റിമി ടോമി ഉള്‍പ്പെടെ നാലു പേരുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും

single-img
27 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി ഉള്‍പ്പെടെ നാലു പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപുമായും, ദിലീപിന്റെ ഭാര്യ കാവ്യാമാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി.

റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. 164ാം വകുപ്പ് പ്രകാരം റിമി ടോമി ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന്റെ അപേക്ഷ.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ തുടര്‍ന്നുള്ള വാദത്തിലും ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്‌നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തര്‍ക്കത്തിലേക്കും നയിച്ചത്.

കേസില്‍ റിമി ടോമിയെ അന്വേഷണസംഘം നേരത്തേ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജൂലൈ 27നായിരുന്നു ഇത്. നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു, സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ, എന്തുകൊണ്ട് വിളിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു, ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത്.

എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ അഭിമുഖീകരിച്ച റിമി ടോമി തനിക്ക് ദിലീപുമായോ കാവ്യ മാധവനുമായോ സാമ്പത്തിക ഇടപാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ദിലീപിനൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോയെപ്പറ്റി അറിയാനാണ് പൊലീസ് ബന്ധപ്പെട്ടതെന്നും വിശദീകരിച്ചിരുന്നു.

ദിലീപിന്റെ ബിനാമിയാണ്, സാമ്പത്തിക ഇടപാടുകളുണ്ട് തുടങ്ങി തനിക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്. ചില്ലി കാശിന്റെ ഇടപാട് ദിലീപോ, കാവ്യയോ ആയിട്ട് തനിക്കോ, തന്റെ കുടുംബത്തിനോ ഇല്ലെന്നും റിമി ടോമി പറഞ്ഞിരുന്നു.