ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ നല്‍കി കമല്‍ഹാസന്‍

single-img
26 September 2017

ചെന്നെ: ഇടതുപക്ഷത്തേക്കും കോണ്‍ഗ്രസിലേക്കുമല്ല ബിജെപിയിലേക്ക് തന്നെയെന്ന് സൂചനകള്‍ നല്‍കി തമിഴ് സിനിമാതാരം കമല്‍ഹാസന്‍ രംഗത്ത്. ബിജെപിയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും താനൊരു നിരീശ്വരവാദിയാണെന്നും പരസ്യമായി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ കമല്‍ ഇടതുപക്ഷത്തേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കമലിന്റെ രാഷ്ട്രീയ പ്രവേശം വന്‍ ചര്‍ച്ചയായിരിക്കുമ്പോള്‍ താന്‍ ബിജെപിയുമായി ഒത്തു പോകുമെന്ന സൂചനയാണ് ഉലകനായകന്‍ നല്‍കുന്നത്. ബീഫ് വിവാദം ഒഴിച്ചാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഇതുവരെ നല്ലതാണെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.

തന്റെ ആശയങ്ങളും ബിജെപിയുടെ ആശയങ്ങളും ഒത്തു പോകുന്നതല്ലെങ്കിലും ഭരണത്തിന്റെ കാര്യം മാത്രം പരിഗണിക്കുമ്പോള്‍ അതൊരു തടസ്സമല്ലെന്നും താരം പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ചുള്ള മറുപടിയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

എവിടെ നിന്നാലും ജനങ്ങള്‍ക്ക് നല്ലത് എന്നതാണ് ലക്ഷ്യമിടുന്നത്. അങ്ങിനെ വരുമ്പോള്‍ രാഷ്ട്രീയത്തില്‍ തൊട്ടു കൂടായ്മയ്ക്ക് സ്ഥാനമില്ലെന്നും എവിടെ നിന്നാലും രാഷ്ട്രത്തിന്റെ ക്ഷേമമാണ് പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വരെ കേന്ദ്രസര്‍ക്കാര്‍ പോകുന്നത് ശരിയായ ദിശയിലാണ്. ഒരേയൊരു എതിര്‍പ്പ് ബീഫിനെ കുറിച്ചാണ്. താന്‍ പതിവായി ബീഫ് കഴിച്ചിരുന്നയാളാണ്. എന്നാല്‍ ഇപ്പോള്‍ കഴിപ്പ് നിര്‍ത്തി. അതുകൊണ്ട് മറ്റുള്ളവര്‍ കഴിക്കരുതെന്നല്ല അര്‍ത്ഥമെന്നും കമല്‍ പറയുന്നു.

നീരീശ്വരവാദി എന്ന നിലപാടാണോ ബിജെപിയുമായുള്ള ബാന്ധവത്തിന് തടസ്സം എന്ന ചോദ്യത്തിന് ഭൗതീകവാദം എന്നാല്‍ രാജ്യത്തെ ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്നല്ല താന്‍ അര്‍ത്ഥമാക്കുന്നതെന്നതായിരുന്നു മറുപടി. ഭക്തി ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ലെന്നും കാലക്രമേണെ സംഭവിക്കുന്നതാണെന്നും കമല്‍ പറഞ്ഞു.

കോണ്‍ഗ്രസിലേക്കോ ബിജെപിയിലേക്കോ പോകുമോ എന്ന ചോദ്യത്തിന് അത് ഇവിടെ വിഷയമല്ലെന്നും അവര്‍ കാണിക്കുന്ന പാത എന്തായാലും താന്‍ തെരഞ്ഞെടുക്കില്ല. താന്‍ അഴിമതിക്ക് എതിരാണ്. രാഷ്ട്രീയപരമായി ഒരു നിലപാട് എടുത്താല്‍ സിനിമാ അഭിനയം നിര്‍ത്തുന്നത് പരിഗണിക്കുമെന്നും താരം പറഞ്ഞു.