തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കി

single-img
25 September 2017

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കായല്‍ നിലം കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 23ാം വകുപ്പനുസരിച്ച് മന്ത്രി ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി തന്നെ നിയമലംഘനം നടത്തിയത് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെയും അധികാരികളുടെ കൈവശമുള്ള രേഖകളുടെയും അടിസ്ഥാനത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടും പ്രോസിക്യൂഷന്‍ വൈകുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായേ കാണാനാവൂ.

അതിനാല്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 12(1) അനുശാസിക്കും വിധം ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.