നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി: ഹര്‍ജി തീര്‍പ്പാക്കി

single-img
25 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ കാവ്യ പ്രതിയല്ലാത്തതിനാല്‍ അറസ്റ്റ് ഭീഷണി ഇല്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. അതേസമയം, നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

രാവിലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് കോടതി വാദം കേട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഇരു ജാമ്യാപേക്ഷകളിലും ഉണ്ടാകുന്ന തീരുമാനം മറ്റൊരു ബെഞ്ചില്‍ പരിഗണനയ്ക്കിരിക്കുന്ന ദിലീപിന്റെ ജാമ്യാപേക്ഷയുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. നാളെയാണ് ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

അന്വേഷണ സംഘത്തിന് ദുഷ്ടലാക്കാണെന്നും അന്വേഷണം പക്ഷപാതപരമാണെന്നും കാവ്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 56 പേജുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളി. സംഭവത്തില്‍ നേരിട്ടിടപെട്ടിട്ടുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. ദിലീപിന്റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.