കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

single-img
25 September 2017

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടി. എയര്‍സെല്‍മാക്‌സിസ് കേസിലാണ് നടപടി. ഫിക്‌സഡ് ഡിപ്പോസിറ്റ്, എസ്ബി അക്കൗണ്ട് എന്നിവിടങ്ങളിലായുള്ള 90 ലക്ഷത്തോളം രൂപയും അഡ്വാന്റേജ് സ്ട്രറ്റീജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്‌സിപിഎല്‍) കമ്പനിയുടെ പേരിലുള്ള 26 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്.

പ്രവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്, ആന്റി മണി ലോണ്ടറിങ് ആക്ട് എന്നിവ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ബാങ്ക് അക്കൗണ്ടുകളുകളും മരവിപ്പിച്ചു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ മകന്‍ കാര്‍ത്തി ചിദംബരം വരവില്‍ കവിഞ്ഞ സ്വത്ത് നേടിയതായി സിബിഐ കണ്ടെത്തിയിരുന്നു.

കാര്‍ത്തിക്കു വേണ്ടി മറ്റൊരാളാണ് അഡ്വാന്റേജ് സ്ട്രറ്റീജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് (എഎസ്‌സിപിഎല്‍) കമ്പനി നിയന്ത്രിക്കുന്നതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട്. മാത്രമല്ല നടപടി വരുന്നതിനു മുന്നോടിയായി കാര്‍ത്തി ഗുരുഗ്രാമിലെ വസ്തു വില്‍പ്പന നടത്തിയെന്നും ചില ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചതായും അധികൃതര്‍ പറയുന്നു.

ദയാനിധി മാരന്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഭീഷണിപ്പെടുത്തി കമ്പനി ഷെയറുകള്‍ മലേഷ്യ ആസ്ഥാനമായ മാക്‌സിസ് ഗ്രൂപ്പിലേയ്ക്ക് എഴുതി വാങ്ങിയതായി എയര്‍സെല്‍ മുന്‍ ഉടമ സി.ശിവശങ്കരന്‍ നല്‍കിയ പരാതിയാണ് കേസിനാധാരം.