World

സൈനീകാഭ്യാസത്തിനിടെ വ്യോമസേനാ വിമാനം നടുകടലില്‍ തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

ഇറ്റലിയിലെ ടെറസിനയില്‍ സൈനീകാഭ്യാസത്തിനിടെ വ്യോമസേനാ വിമാനം നടുകടലില്‍ തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. ആയിരക്കണക്കിന് കാണികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. അപകടത്തിനു തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളുടെ മൃതദേഹം കണ്ടെടുത്തതായി ഇറ്റാലിയന്‍ എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. യൂറോ ഫൈറ്റര്‍ വിഭാഗത്തില്‍ പെട്ട ജെറ്റ് വിമാനമാണ് നിയന്ത്രണംവിട്ട് നടുകടലില്‍ പതിച്ചത്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ ഇറ്റാലിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒട്ടേറെയാളുകള്‍ ക്യാമറയിലും മൊബൈല്‍ ഫോണുകളിലുമായി വ്യോമാഭ്യാസം പകര്‍ത്തിയിരുന്നതിനാല്‍ അപകടത്തിന്റേതായി ഒട്ടേറെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.