സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്ന് ഹൈക്കോടതി

single-img
25 September 2017

കൊച്ചി: സംസ്ഥാനത്ത് 12ഡിജിപിമാര്‍ എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡിജിപിമാരെ നിയമിച്ചിട്ടും എന്തുകൊണ്ട് വിജിലന്‍സ് ഡയറക്ടറെ നിയമിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പിയായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

12 ഡിജിപിമാരെ നിയമിക്കുന്നതിന് കേന്ദ്ര ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്നു കോടതി ചോദിച്ചു. അതേസമയം, നാല് ഡിജിപിമാര്‍ക്ക് മാത്രമേ ഡിജിപി റാങ്കിന്റെ ശമ്പളം നല്‍കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ എഡിജിപി റാങ്കിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എഡിജിപി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്കുകൂടി അടുത്തിടെ ഡിജിപി റാങ്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ടോമിന്‍ തച്ചങ്കരി, ആര്‍. ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നിവര്‍ക്കാണ് ഡിജിപി റാങ്ക് നല്‍കാന്‍ മന്തിസഭാ യോഗം തീരുമാനിച്ചിരുന്നത്.