ബന്ധുനിയമന വിവാദത്തില്‍ ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
25 September 2017

ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസന്വേഷിച്ച വിജിലന്‍സ് എസ്പി കെ. ജയകുമാറാണ്, വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമം 13 1 ഡി വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്പത്തിക നേട്ടമോ, അധികാര ദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

അതിനാല്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് അന്വേഷണസംഘത്തിന്റെ തീരുമാനം. 2016 ഒക്ടോബര്‍ ഒന്നിന്, ബന്ധുവായ പി കെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്.

എന്നാല്‍ ഒന്നാം തീയതി ഇറക്കിയ ഉത്തരവ് ജയരാജന്‍ മൂന്നാം തീയതി പിന്‍വലിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തി. 10 ന് നിയമന ഉത്തരവ് പിന്‍വലിച്ച് സുധീര്‍ നമ്പ്യാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.

പി കെ സുധീറിനെയും, ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നൗഷാദിനെയും വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിച്ചത് വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വരികയായിരുന്നു.