മഹിളാമോര്‍ച്ചയുടെ പ്രാദേശിക നേതാവിനു മൊബൈലിൽ അശ്ലീല സന്ദേശമയച്ച ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി; പുറത്താക്കിയത് പാര്‍ട്ടിപ്രവര്‍ത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ കുമ്മനം രൂപം നല്‍കിയ അഞ്ചംഗ സമിതിയിലെ അംഗം

single-img
24 September 2017

കൊച്ചി: മഹിളാമോര്‍ച്ചയുടെ പ്രാദേശിക നേതാവിനു മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ ബി.ജെ.പിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥിനെ പാര്‍ട്ടി തല്‍സ്ഥാനത്തുനിന്നു നീക്കി. പാര്‍ട്ടിപ്രവര്‍ത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രൂപം നല്‍കിയ അഞ്ചംഗ സമിതിയിലെ അംഗമാണ് കാശിനാഥ്.

കുമ്മനത്തിനു വ്യക്തമായ തെളിവുസഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. പാര്‍ട്ടിയുടെ യശസിനു കളങ്കംവരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്നു സംസ്ഥാന നേതൃത്വത്തിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

വിശ്വസ്തരെ മാത്രം ഉള്‍പ്പെടുത്തിയാണ് നിരീക്ഷണസമിതിക്ക് കുമ്മനം രൂപം നല്‍കിയത്. അതിനാല്‍, അദ്ദേഹത്തിനും ഇതു തിരിച്ചടിയായി. നേരത്തേ വി. മുരളീധരന്റെ വിശ്വസ്തനായിരുന്നു കാശിനാഥ്. മുരളീധരന്‍ പാര്‍ട്ടി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ കുമ്മനത്തോട് അടുക്കുകയായിരുന്നു.