മദ്രസകൾക്കുള്ള വാർഷിക ഫണ്ട് ഇരട്ടിയാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് : മദ്രസകൾ ആധുനിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണമെന്നും നിർദേശം

single-img
23 September 2017

മദ്രസകൾ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും കൂടി പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൌഹാൻ. മധ്യപ്രദേശ് മദ്രസ ബോർഡിന്റെ ഇരുപതാം വാർഷികദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകൾക്കുള്ള വാർഷിക വികസനഫണ്ട് 25,000 രൂപയിൽ നിന്നും 50,000 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

“മദ്രസകളിൽ മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഉൾപ്പെടുത്തണം. നമുക്ക് കുട്ടികളെ കഴിവുള്ളവരായി വളർത്തിക്കൊണ്ടുവരാൻ കഴിയണം.” ശിവരാജ് സിംഗ് ചൌഹാൻ തന്റെ പ്രസംഗത്തിൽപ്പറഞ്ഞു.

മദ്രസാ ബോർഡിനു ഒരു ഓഡിറ്റോറിയം സർക്കാർ നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

“തൊഴിലവസരങ്ങൾ ധാരാളമുണ്ടെങ്കിലും പരിശീലനം സിദ്ധിച്ച ഉദ്യോഗാർത്ഥികളില്ലാത്തതിനാൽ  ഈ അവസരങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതു നമ്മൾ പരിഗണിക്കേണ്ടതുണ്ട്.” ചൌഹാൻ പറഞ്ഞു.

വിദ്യാർത്ഥികൾ ദൈവത്തിന്റെ വരദാനമാണെന്ന് പറഞ്ഞ ചൌഹാൻ, വിദ്യാർത്ഥികൾ ഏറ്റവും മെച്ചപ്പെട്ട സൌകര്യങ്ങൾ ലഭ്യമാക്കുകയെന്നത് സർക്കാരിന്റെ കടമയാണെന്നും പ്രസ്താവിച്ചു.

മദ്രസ്സകളിൽ ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സുമുതൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാൻ  വേണ്ട സൌകര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിജയ് ഷാ പറഞ്ഞു. മറ്റു വിദ്യാലയങ്ങളിലേതുപോലെ മദ്രസകളിലും ത്രിവർണ്ണ പതാകയുയർത്താനുള്ള ഉത്തരവ് സർക്കാർ നൽകിയതായും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത 2575 മദ്രസകളിലായി 2.88 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മദ്രസ ബോർഡ് ചെയർമാൻ സയ്യദ് ഇമാമുദ്ദീൻ അറിയിച്ചു.