ട്രംപ്-ഉന്‍ വാക്‌പോര്‌ രൂക്ഷമാക്കുന്നു; മറ്റൊരു മഹായുദ്ധത്തിന്റെ നിഴലിൽ ലോകം

single-img
23 September 2017

വാഷിംഗ്ടണ്‍/സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള വാക്‌പോര് ശക്തമായതോടെ മറ്റൊരു മഹായുദ്ധത്തിന്റെ നിഴലിലാണ് ലോകം. ട്രംപിനുള്ള മറുപടിയായി പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം കൊറിയന്‍ മുനമ്പിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഈ മാസം ആദ്യമാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയുള്ളതായിരുന്നു ഇതെന്നാണ് നിഗമനം. വിവിധ ഭൂചലനമാപിനികളില്‍ 6.3 തീവ്രതയാണ് സ്‌ഫോടനം രേഖപ്പെടുത്തിയത്.

ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമായിരുന്നു അത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തവുമായിരുന്നു അത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ അണുബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ നീക്കമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അമേരിക്ക വെറുതെ നോക്കി നില്‍ക്കുകയുമില്ല.

ജപ്പാന്റെ വ്യോമാതിര്‍ത്തിയിലേക്ക് ഇനിയൊരു മിസൈല്‍ ഉത്തരകൊറിയ വിക്ഷേപിച്ചാല്‍ അത് അമേരിക്ക തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിരോധ വിദഗദ്ധര്‍ കരുതുന്നത്. ഇത് മറ്റൊരു ലോക മഹായുദ്ധത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.