പഞ്ചാബ് അതിർത്തിയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാരെ അതിർത്തിരക്ഷാ സേന വെടിവെച്ചുകൊന്നു

single-img
23 September 2017

ഫയൽ ചിത്രം

ഇൻഡോ-പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുപേരെ അതിർത്തിരക്ഷാസേന വെടിവെച്ചുകൊന്നു. അതിർത്തിരക്ഷാസേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്ത്യൻ ടെറിട്ടറിയിലേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്നാണു വെടിവെയ്പ്പുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബിലെ അമൃത്സറിനടുത്തുള്ള അജ്നാല സെക്ടറിലെ ഷാപൂർ ബോർഡർ ഔട്ട് പോസ്റ്റിലെ എസ് എഫ് ജവാന്മാരാണു അതിർത്തി കടക്കാൻ ശ്രമിക്കുന്ന പാക് പൌരന്മാരെ കണ്ടത്. കീഴടങ്ങാനുള്ള ജവാന്മാരുടെ നിർദ്ദേശം അവഗണിച്ച ഇവർ ഓട്ടോമാറ്റിക് റൈഫിളുകളുപയോഗിച്ച് വെടിവെച്ചതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണു ഇവർ കൊല്ലപ്പെട്ടതെന്ന് ബി എസ് എഫ് വക്താക്കൾ അറിയിച്ചു.

കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ കയ്യിൽ എ കെ 47 അസ്സോൾറ്റ് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ഉണ്ടായിരുന്നു. കൂടാതെ നാലു കിലോഗ്രാം ഹെറോയിനും പാക്കിസ്ഥാനി സിം കാർഡുകളും ഇവരുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തതായി ബി എസ് എഫ് വൃത്തങ്ങൾ അറിയിച്ചു.