പാകിസ്താന്റെ വാദം പൊളിയുന്നു: ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന സ്ഥിരീകരണവുമായി സഹോദരന്‍

single-img
22 September 2017

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന സ്ഥിരീകരണവുമായി സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍. അവസാനകാലം നാട്ടില്‍ കഴിയണമെന്ന ആഗ്രഹം ദാവൂദ് ഇബ്രാഹീം വ്യക്തമാക്കിയെന്നും കീഴടങ്ങാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന സഹോദരന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസമാണ് ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരനായ ഇഖ്ബാല്‍ കസ്‌കറിനെ താനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ സഹോദരന്‍ ദാവൂദ് പാകിസ്താനിലുള്ള വിവരം കസ്‌കര്‍ വെളിപ്പെടുത്തിയത്. പാകിസ്താനിലെ അഞ്ചോളം മേല്‍വിലാസങ്ങള്‍ കസ്‌കര്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ദാവൂദിനെ കൈമാറണമെന്ന ഇന്ത്യന്‍ ആവശ്യം ഉയരുമ്പോഴെല്ലാം നിഷേധിച്ചു കൊണ്ടിരുന്ന പാകിസ്താന് കസ്‌ക്കറിന്റെ വെളിപ്പെടുത്തല്‍ വന്‍ തിരിച്ചടിയാണ്. പാകിസ്താനില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ദാവൂദ് തന്നോടോ രാജ്യത്തെ മറ്റ് ബന്ധുക്കളുമായോ സംസാരിക്കാറില്ലായിരുന്നുവെന്ന് കസ്‌കര്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ മറ്റൊരു സഹോദരനായ അനീസ് അഹമ്മദുമായി താന്‍ പലപ്പോഴും ബന്ധപ്പെട്ടിരുന്നുവെന്നും കസ്‌കര്‍ പൊലീസിനോട് സമ്മതിച്ചു. പാകിസ്താനിലാണ് അനീസ് മുഹമ്മദുമുള്ളതെന്ന് കസ്‌കര്‍ പറഞ്ഞു. തന്നെ ഇയാള്‍ ബന്ധപ്പെട്ടിരുന്നത് പല വിദേശ ഫോണ്‍ നമ്പരുകളില്‍ നിന്നാണെന്നും കസ്‌കര്‍ പറഞ്ഞു.

അതേസമയം ദാവൂദുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ കസ്‌ക്കര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കീഴടങ്ങാന്‍ തയ്യാറായി ദാവൂദ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍സേന തലവന്‍ രാജ് താക്കറേയാണ് ഫേക്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.